റോഡരികിൽ വെച്ച് ആക്രമിക്കാനെത്തിയ മൂന്നുപേരെ ഒറ്റയ്ക്ക് അടിച്ചോടിച്ച് വിദ്യാർത്ഥിനി: നേഹയ്ക്ക് അഭിനന്ദന പ്രവാഹം
കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ നേഹയാണ് സോഷ്യൽ മീഡിയയിലെ താരം. സ്‌കൂളിന് സമീപത്തെ റോഡിൽ വെച്ച് പട്ടാപ്പകൽ തന്നെ ആക്രമിക്കാൻ ശ്രമിച്ച മൂന്ന് പേരെ ഒറ്റയ്ക്ക് അടിച്ച് വീഴ്ത്തിയ സ്നേഹയ്ക്ക് അഭിനന്ദന പ്രവാഹമാണ്. നേഹയുടെ അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ ഭയന്ന ആക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കെതിരെ നേഹ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ ഗാന്ധി റോഡിലൂടെ നടക്കുമ്പോഴാണ് കിക്ക് ബോക്സിംഗ് താരം കൂടിയായ നേഹയ്ക്ക് നേരെ ആക്രമണമുണ്ടായത്. റെയിൽവേ ക്രോസിന് സമീപം നിന്നിരുന്ന മൂന്ന് യുവാക്കൾ സ്‌കൂൾ ബാഗ് കയ്യിൽ പിടിച്ച് നേഹയോട് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. നേഹയുടെ ആദ്യ അടി കിട്ടിയത് അവളുടെ കയ്യിൽ പിടിച്ച ആളുടെ മൂക്കിലായിരുന്നു. കൂടെയുണ്ടായിരുന്നവരെയും നേഹ വിട്ടില്ല. നേഹയുടെ കിക്കിൽ ബാക്കിയുള്ളവർ ഓടി പോയി.
പിന്നീട് രക്ഷിതാക്കളെയും അധ്യാപകരെയും വിവരമറിയിച്ചതിനെ തുടർന്ന് വഴിയാത്രക്കാരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പാലത്ത് പുളിബസാർ ഊട്ടുകുളത്ത് മരപ്പണി ചെയ്യുന്ന ബിജു-ദിവ്യ ദമ്പതികളുടെ ഏക മകളാണ് നേഹ. ഒരു വർഷമായി രതീഷ് കെൻപോയുടെ ശിക്ഷണത്തിൽ ബോക്‌സിംഗ് പരിശീലിക്കുകയാണ് നേഹ. പരാതി ലഭിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.