തൃശൂരിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു : പൊലീസുകാരൻ അറസ്റ്റിൽ
തൃശൂർ: തൃശൂരിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. ഈസ്റ്റ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശൂർ രാമവർമപുരം പൊലീസ് ക്യാപിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഫേസ്ബുക്ക് വഴിയാണ് കാസർഗോഡ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പൊലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. തൃശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഇരുവരും ആറ് മാസത്തോളം ഒന്നിച്ച് ഇവിടെ താമസിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ അറിഞ്ഞത്. തൃശൂരിൽ ജോലി സംബന്ധമായി താമസിച്ചെന്നായിരുന്നു അതുവരെ വീട്ടുകാരോട് പറഞ്ഞിരുന്നത്.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ചില സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ എത്തി സംസാരിച്ചു. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.